Turtle Island 3
04 November 2025

Turtle Island 3

Julius Manuel

About

അമേരിക്കയിലെ നന്റക്കറ്റ് ദ്വീപിൽ നിന്നും യാത്ര തിരിച്ച ഒയിനോ എന്ന തിമിംഗിലവേട്ടക്കപ്പൽ 1825 ഏപ്രിൽ മാസത്തിൽ പസിഫിക്കിലെ ഫിജി ദ്വീപുകളിൽപെടുന്ന ബട്ടോവ എന്ന ചെറുദ്വീപിനടുത്തുള്ള പവിഴപ്പുറ്റിൽ തട്ടി തകരുകയും നാവികർ ദ്വീപിലേക്കിറങ്ങി രക്ഷപെടുകയും ചെയ്തു. ആ ദ്വീപ്നിവാസികൾ നല്ലവരായിരുന്നുവെങ്കിലും അടുത്തുള്ള ഓനോ എന്ന ദ്വീപിൽ നിന്നെത്തിയ ആളുകൾ നാവികരെയെല്ലാം ക്രൂരമായി വധിച്ചുകളഞ്ഞു. എന്നാൽ അപകടം മുൻകൂട്ടി കണ്ട വില്യം ക്യാരി (William S. Cary) എന്ന നാവികൻ ഒരു ഗുഹയിൽ കയറി ഒളിച്ചിരുന്നു കൂട്ടക്കൊലപാതകത്തിൽ നിന്നും രക്ഷപെട്ടു. ശേഷം ആ ദ്വീപിലെതന്നെ ഒരാൾ ക്യാരിയെ മകനായി ദത്തെടുത്തതിനാൽ ആ നാവികനെ പിന്നീടാരും ഉപദ്രവിച്ചില്ല. രക്ഷപ്പെട്ടെങ്കിലും തിരിച്ചു  നന്റക്കറ്റിൽ എത്തിച്ചേരുക എന്നത് വില്ല്യം ക്യാരിക്ക് ഒരു വിദൂരസ്വപ്നം മാത്രമായിരുന്നു. എങ്കിലും തന്നെപ്പോലെ തന്നെ ഇവിടെ അകപ്പെട്ട് പോയെങ്കിലും ഈ ദ്വീപുകളിൽ അവിടുത്തെ ചീഫുമാരുടെ പ്രീതി സമ്പാദിച്ച് മാന്യമായ നിലയിൽ കഴിഞ്ഞുകൂടുന്ന ഡേവിഡ് വിപ്പിയെന്ന മറ്റൊരു അമേരിക്കക്കാരനെ കൂടി കണ്ടതോടെ വില്ല്യം ക്യാരിക്ക് കുറച്ചൊക്കെ ആശ്വാസമായി. ഇതിനിടെ ക്യാപ്റ്റൻ വാൻഡഫോർഡിൻ്റെ ക്ലേ എന്ന കപ്പൽ അവിടെ വന്നുവെങ്കിലും ചരക്കുകളുമായി അത് മനില ക്ക് പോകുന്നതിനാൽ ക്യാരി ഇപ്രാവശ്യം അതിൽ കയറിയില്ല.